ഹാർദിക് പാണ്ഡ്യക്ക് പരിക്ക്; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി എന്ന് പ്രഖ്യാപിച്ച് വെറും 24 മണിക്കൂർ തികയുന്നതിന് മുൻപ് മുൻനിര ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികൾക്കേറ്റ പുതിയ പരിക്കാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ജൂൺ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കില്ലെന്നാണ് റിപ്പോർട്ട് ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ ഹാർദിക്കും രോഹിത് ശർമ്മയും യോഗ്യത നേടിയതായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

ഫിറ്റ്നസ് തെളിയിക്കാനായി കഴിഞ്ഞ ദിവസം താരം നെറ്റ്സിൽ 10 ഓവർ വരെ ബോൾ ചെയ്തിരുന്നു. ജൂൺ 11-ന് ധരംശാലയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാനിരിക്കെയാണ് ഹാര്‍ദിക്കിന് അപ്രതീക്ഷിതമായി വീണ്ടും പരിക്കേൽക്കുന്നത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ ഐപിഎൽ സീസണിലെ പല മത്സരങ്ങളും മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക്കിന് നഷ്ടമായിരുന്നു. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ഏകദിന ജേഴ്സിയിലേക്ക് തിരിച്ചെത്താനുള്ള ഹാര്‍ദിക്കിന്‍റെ ശ്രമങ്ങൾക്കാണ് പുതിയ പരിക്ക് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് വിരാട് കോലിയും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.

ഹാർദിക്കിന്‍റെ പരിക്ക് തിരിച്ചടിയായെങ്കിലും പരിക്കിന്‍റെ ആശങ്കയിലായിരുന്ന മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമായി. ജൂൺ 13-ന് ധരംശാലയിലാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനം. തുടർന്ന് ജൂൺ 17-ന് ലക്നൗവിലും ജൂൺ 20-ന് ചെന്നൈയിലുമായി ബാക്കി മത്സരങ്ങൾ നടക്കും. വ്യാഴാഴ്ച ധർമ്മശാലയിലേക്ക് തിരിക്കുന്നതിന് മുൻപ് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് ഓപ്ഷണൽ പരിശീലന സെഷൻ ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *