തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26 വരെ എല്ലാ ജില്ലകളിലും വിവിധ ദിവസങ്ങളിലായി മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നത്തെ ഓറഞ്ച് അലർട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.
ഒക്ടോബർ 24-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒക്ടോബർ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ 24-ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഒക്ടോബർ 25-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒക്ടോബർ 26-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുകയും സാധ്യമെങ്കിൽ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പിലെയും അധികൃതരുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലമില്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതിത്തൂണുകൾ, പരസ്യബോർഡുകൾ, മതിലുകൾ എന്നിവ മൂലമുള്ള അപകടസാധ്യതയും കണക്കിലെടുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കുകയും ഇത്തരം സാഹചര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.
ശക്തമായ മഴ പെയ്യുമ്പോൾ നദികൾ മുറിച്ചുകടക്കരുത്. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കയറി കാഴ്ച കാണുക, ചിത്രങ്ങളെടുക്കുക, സെൽഫി പകർത്തുക, കൂട്ടംകൂടി നിൽക്കുക തുടങ്ങിയവയും ഒഴിവാക്കണം.
മഴ ശക്തമാകുന്ന സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലൂടെയുള്ള യാത്രകളിലും പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളം കയറിയതോ കരകവിഞ്ഞൊഴുകുന്നതോ ആയ സ്ഥലങ്ങളിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുത്. ശക്തമായ മഴയെത്തുടർന്ന് റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ് ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sdma.kerala.gov.in/windwarning/ ൽ ലഭ്യമാണ്.



