കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച നടപടിയിലാണ് പ്രതിഷേധം. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും.
. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് വില വർധന ഉണ്ടായിരിക്കുന്നത്. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂട്ടിയത്. പുതുക്കിയ വര്‍ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയില്‍ 3085 രൂപ. കോഴിക്കോട് വില 3117 രൂപയെത്തി.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയ്ക്കെല്ലാം വര്‍ധന സാരമായി ബാധിക്കും. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികള്‍, മറ്റ് ദിവസവേതനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ തുടങ്ങിയവരുടേയെല്ലാം കീശ കീറും. അതേസമയം ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
