യുഡിഎഫ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം അതിവേഗത്തിലാകും

ഡൽഹി: യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാല്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്ന് മുസ്ലീം ലീഗ് നേതാവ് മുനവറലി തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിലെ ഫലം എഐസിസിക്കും ഏറെ നിര്‍ണ്ണായകം. നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. 85നും 90 നുമിടയില്‍ സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എംപി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും.

നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായി ഫലം വന്ന ശേഷം ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നും , വിജയം ഉറപ്പെന്നും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി.

Leave a Reply

Your email address will not be published. Required fields are marked *