ഇളയരാജയെ കളിയാക്കി പുലിവാലുപിടിച്ചു

കൊച്ചി : സംഗീത സംവിധായകൻ ഇളയരാജയോട് മാപ്പുചോദിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി കറുപ്പ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാര്യർ പിക്ചേഴ്സ്. ഇളയരാജയുടെ പകർപ്പവകാശ പോരാട്ടങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. വിവാദരംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യുമെന്നും അവർ അറിയിച്ചു. ആഗോളതലത്തിൽ 147 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഈ നടപടി.

1985-ൽ പുറത്തിറങ്ങിയ ‘അലൈ ഓസൈ’ എന്ന ചിത്രത്തിലെ ‘പോരാടാടാ’ എന്ന ഗാനം സിനിമയിൽ ഉപയോഗിച്ചതിന് പിന്നാലെയാണ് വിവാദമായ ഡയലോഗ് വരുന്നത്. സിനിമകളിൽ തന്റെ അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ സ്വീകരിക്കുന്ന നിയമനടപടികളെ പരിഹസിച്ചുകൊണ്ടുള്ള പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇളയരാജയുടെ ആരാധകരും സിനിമാ പ്രേമികളും ഈ രംഗത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നിർമാതാക്കൾ ഔദ്യോഗിക പ്രതികരണവുമായി എത്തിയത്.

തങ്ങൾ ഇളയരാജയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആ ഡയലോഗ് ഒരു ആക്ഷേപഹാസ്യത്തിന്റെ ഭാഗമായി മാത്രം ഉൾപ്പെടുത്തിയതാണെന്നും അണിയറപ്രവർത്തകർ വിശദീകരിച്ചു. കഴിഞ്ഞ 50 വർഷത്തിലേറെയായി സംഗീത ലോകം ഭരിക്കുന്ന രാജാവാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും നിർമ്മാണ കമ്പനി അറിയിച്ചു. ഈ രംഗം ഇളയരാജയെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിനയപൂർവം ക്ഷമാപണം നടത്തുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *