തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം 36 മണിക്കൂറിലേറെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ വെറും ആറുമാസം കൊണ്ട് ഈ നിലയിലേക്ക് എത്തിച്ചെന്നാണ് പിണറായി വിജയന്റെ വിമർശനം.
ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്നതിന്റെ തെളിവാണ് സംഭവമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. 36 മണിക്കൂറിനിടെ ശുചിമുറി വൃത്തിയാക്കാൻ പോലും ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിയതിന്റെ സൂചനയാണെന്നും കുറിപ്പിലുണ്ട്.
ആരോഗ്യരംഗത്തുനിന്ന് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരിൽ വലിയ ആശങ്കയുണ്ടാക്കുന്നു. എന്നാൽ സാഹചര്യം തിരുത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ഉത്തരവാദിത്തമില്ലായ്മയും നിഷ്ക്രിയത്വവും പ്രതിസന്ധി കൂടുതൽ വഷളാക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.
