ഇടുക്കി: പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) മാപ്പിൽ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ. കർഷകർക്ക് സ്വന്തം കൃഷിയിടവും വീടും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് സഭാ വക്താവും പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാവുമായ ഡോ. ചാക്കോ കാളാംപറമ്പിൽ ആരോപിച്ചു. മാപ്പ് പ്രസിദ്ധീകരിച്ചത് ആരെ ബോധ്യപ്പെടുത്താനാണെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മാപ്പിന് പകരം വില്ലേജ് അടിസ്ഥാനത്തിൽ വ്യക്തതയുള്ള മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് സഭയുടെ ആവശ്യം. കൃഷിഭൂമി, വീടുകൾ, തോട്ടങ്ങൾ എന്നിവ തിരിച്ചറിയാൻ ആവശ്യമായ ലാൻഡ്‌മാർക്കുകൾ മാപ്പിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണിൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
റിപ്പോർട്ട് സമർപ്പിച്ചശേഷം അതിനനുസരിച്ച് മാപ്പ് തയ്യാറാക്കിയ രീതി ‘ചെരുപ്പ് നോക്കി കാല്‍ മുറിച്ചതുപോലെ’യാണെന്ന് ചാക്കോ കാളാംപറമ്പിൽ വിമർശിച്ചു. 2014ലും 2018ലും സർക്കാരുകൾ നൽകിയ കണക്കുകളേക്കാൾ കൂടുതൽ വനവിസ്തൃതി 2026ലെ റിപ്പോർട്ടിൽ കാണിച്ചിട്ടുണ്ടെന്നും 25 വില്ലേജുകളിൽ വനഭൂമി കൂട്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വനമില്ലാത്ത വയനാട്ടിലെ ചൂണ്ടേൽ വില്ലേജ് ഇഎസ്എ പട്ടികയിൽ ഉൾപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വനവിസ്തൃതിയുടെ കണക്ക് വനംവകുപ്പ് പുറത്തുവിടണമെന്നും സഭ ആവശ്യപ്പെട്ടു.
റോഡുകൾ, പുഴകൾ, തോടുകൾ, പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവ മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രധാന വിമർശനം. പരിചയമുള്ളവർക്ക് പോലും സ്ഥലങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മാപ്പ് തയ്യാറാക്കണമെന്നുമാണ് ആവശ്യം. താമരശേരി ചുരത്തിലെ ലക്കിടി വ്യൂ പോയിന്റ് തിരയുമ്പോൾ കൽപ്പറ്റ നഗരമാണ് ലഭിക്കുന്നതെന്ന ഉദാഹരണവും വിമർശകർ ഉയർത്തുന്നു.
കരട് വിജ്ഞാപനത്തിനുശേഷം പരാതികൾ സമർപ്പിക്കാൻ കേന്ദ്രം മൂന്ന് മാസത്തെ സമയപരിധി നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ അവസാന ഘട്ടത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ആരോപണം. റിപ്പോർട്ട് നൽകിയതിന് രണ്ടാഴ്ചയ്ക്കുശേഷമാണ് പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് കേന്ദ്രം പുറത്തുവിട്ടത്. ഇതോടെയാണ് മാപ്പിലെ അവ്യക്തതയെച്ചൊല്ലിയുള്ള വിമർശനം ശക്തമായത്.
33 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കിയെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിൽ പ്രധാനമായും ഇടുക്കി ജില്ലയിലെ വില്ലേജുകളാണ് ഉൾപ്പെടുന്നതെന്നാണ് വിമർശനം. എന്നാൽ വടക്കൻ ജില്ലകളിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും പട്ടികയിലുണ്ടെന്നും ഏകദേശം 28 വില്ലേജുകൾ ഇഎസ്എ പരിധിയിൽ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മാപ്പിലെ അവ്യക്തത പരിഹരിച്ച് വില്ലേജ് അടിസ്ഥാനത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് കർഷകരുടെയും സഭയുടെയും ആവശ്യം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കർഷകരുടെ ആശങ്കകൾക്കും പരിഗണന നൽകണമെന്നും ഇഎസ്എ പരിധി സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.



