ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ച് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. വ്യാപാരി സംഘടനകളുടെയും ഫിൻടെക് സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി നീട്ടിയത്.
ഉത്സവകാലത്തെ വ്യാപാരത്തെ പുതിയ ഫീസ് ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുത്ത പേഴ്സൺ-ടു-മർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുന്നത് ദീപാവലിക്ക് തൊട്ടുപിന്നാലെ മതിയെന്നാണ് ബന്ധപ്പെട്ട സമിതിയുടെ തീരുമാനം. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ഈടാക്കാനാണ് നിർദേശം. ഈ നിരക്ക് ബാധകമായാൽ 10,000 രൂപയുടെ ഇടപാടിന് 40 രൂപ ഫീസ് വരും. എന്നാൽ, എല്ലാ യുപിഐ ഇടപാടുകൾക്കും ഈ നിരക്ക് ബാധകമാകില്ല. ഏതൊക്കെ ഇടപാടുകളെയാണ് പുതിയ തീരുമാനം ഉൾക്കൊള്ളുന്നതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികൾ നൽകേണ്ട ഫീസാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നാൽ ചില വ്യാപാരികളുടെ ഇടപാട് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്.
ദീപാവലി കാലത്ത് വ്യാപാരവും ഓൺലൈൻ വിൽപ്പനയും വർധിക്കുന്നതിനാൽ പുതിയ നിരക്കുകൾ നടപ്പാക്കുന്നതിന് കൂടുതൽ സമയം ലഭിക്കുന്നത് വ്യാപാരികൾക്ക് ആശ്വാസമാകും. അതേസമയം, നിരക്കുകൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കും ഔദ്യോഗിക തീയതി പ്രഖ്യാപനത്തിനുമായി കാത്തിരിക്കുകയാണ് വ്യാപാരമേഖല.



