ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള നിർണായക മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് കനത്ത തിരിച്ചടിയായി അപൂർവ അച്ചടക്ക നടപടി. മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിന്‍റെ സംരക്ഷിത മേഖലയിലൂടെ നിയമവിരുദ്ധമായി ഓടിയതിന് ഇന്ത്യൻ താരം വിപ്രജ് നിഗത്തിന് ഒന്നിന് പുറകെ ഒന്നായി രണ്ട് തവണയാണ് അംപയർ പിഴ ചുമത്തി. ഇതോടെ ഇന്ത്യയുടെ ടീം സ്കോറിൽ നിന്നും 10 റൺസ് പെനാൽറ്റിയായി വെട്ടിക്കുറച്ചു. അമ്പയര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിച്ച വിപ്രജ് നിഗമിന്‍റെ ഓട്ടം കണ്ട് ഡഗ്ഗൗട്ടിലിരുന്ന സഹതാരങ്ങളും കമന്‍റേറ്റർമാരും ഒരുപോലെ തലയിൽ കൈവെച്ചു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ അനുകൂൽ റോയ് പിച്ചിന്‍റെ മധ്യത്തിലൂടെ ഓടിയതിന് അംപയർമാർ ഇന്ത്യയ്ക്ക് ആദ്യ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നു. 33-ാം ഓവറിൽ അനുകൂൽ പുറത്തായെങ്കിലും ടീമിന് ലഭിച്ച ആ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ഇതിന് ശേഷം ബാറ്റ് ചെയ്യുന്ന ഏത് താരം പിച്ചിൽ ഓടിയാലും ടീമിന് 5 റൺസ് വീതം പിഴ ചുമത്തപ്പെടും.
