കൊച്ചി: രാജ്യത്തിന്റെ അതിരുകളും ഭേദിച്ച് മുന്നേറുകയാണ് കേരളത്തിന്റെ വാട്ടർ മെട്രോ. അനുമതികളെല്ലാം അനുകൂലമായാൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വിദേശത്തും വാട്ടർ മെട്രോ യാഥാർഥ്യമാകും. വിയ്റ്റാനാമിലും മലേഷ്യയിലും വാട്ടർ മെട്രോയ്ക്കായി പ്രാരംഭ പഠനങ്ങളായി. കോംഗോ, നൈജീരിയ, സൗദി അറേബ്യ, ഒമാൻ, സീഷെൽസ് എന്നീ രാജ്യങ്ങൾ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
വിയറ്റ്നാമിൽ മികോങ് നദിയിലാണ് വാട്ടർ മെട്രോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ സാധ്യതാപഠനം പൂർത്തിയായി. എംബസി തലത്തിൽ ആശയവിനിമയം നടക്കുകയാണെന്ന് വാട്ടർ മെട്രോയുടെ ചുമതലക്കാരായ കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. വിയറ്റ്നാമിൽ 173 കിലോമീറ്റർ ദൂരമാണ് വാട്ടർ മെട്രോ സർവീസ് ലക്ഷ്യമിടുന്നത്. ഏഴു റൂട്ടുകളും 35 ടെർമിനലുകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർതലത്തിലുള്ള നടപടിക്രമങ്ങളും അനുമതികളും പൂർത്തിയായാൽ വിയറ്റ്നാമുമായി ഔദ്യോഗിക കരാറിലെത്തി പദ്ധതി പ്രവർത്തനങ്ങളിലേക്ക് കടക്കാനാകും.
മലേഷ്യയിലെ പെനാങ്ങിലും വാട്ടർ മെട്രോയ്ക്കായി പ്രാഥമിക സാധ്യതാ പഠനം നടത്തി. മറ്റു രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോയുടെ കൺസൾട്ടൻസി സേവനം അന്താരാഷ്ട്രതലത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് വിദേശ പദ്ധതികൾ.നിലവിൽ ഇന്ത്യയിൽ 18 സ്ഥലങ്ങളിൽ കൊച്ചിയുടെ മാതൃകയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഇതിനു പുറമേയാണ് വിദേശ രാജ്യങ്ങളിലെ പദ്ധതി.


