വിവാദ വിഷയങ്ങള്‍ UDFല്‍ ചര്‍ച്ച ചെയ്യണമെന്ന് ലീഗ്; യോഗം വൈകുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് യോഗം വൈകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎംശ്രീയും അടക്കം ചര്‍ച്ച ചെയ്യാനുള്ള യോഗം വൈകുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ ധനബില്ല് പാസാക്കും മുന്‍പ് വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും സമുദായ സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. മദ്യ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തിയത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കുന്നത് വെല്ലുവിളിയാണെന്നും നേതാക്കള്‍ ഉന്നയിക്കുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനിടെ എതിര്‍പ്പ് കണക്കിലെടുത്താതെ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 250 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി കുറച്ചുകൊണ്ടുള്ള നിര്‍ദ്ദേശമാണ് ധന ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ധന ബില്ലിന്റെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *