തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി. സമീപ കാലത്ത് നടന്ന പുനർ മൂല്യനിർണ്ണയതിന്റയും ഉത്തരക്കടലാസുകളുടെയും വിവരങ്ങൾ വിസി തേടിയിട്ടുണ്ട്. പരീക്ഷ കൺട്രോളറോടാണ് വിസി റിപ്പോർട്ട് തേടിയത്. പുനർ മൂല്യ നിർണ്ണയത്തിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചായിരുന്നു എസ്എഫ്ഐ പ്രതിഷേധം. സർവകലാശാല എൽഎൽബി പരീക്ഷകളിൽ റീവാലുവേഷൻ സമ്പ്രദായം നിർത്തലാക്കുകയും പകരം ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യുന്ന പുതിയ രീതി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.



