ആറ് വർഷത്തിനിടെ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ഇരട്ടിയോളം വർധിച്ചു

ബെം​ഗളൂരു: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ആറ് വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചു. കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ 38.65 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-ലാണ് ഖാർഗെ ആദ്യമായി കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചത്. അന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 20.12 കോടിയുടെ സ്വത്തായിരുന്നു കാണിച്ചത്. ആറുവർഷം പിന്നിട്ടപ്പോൾ 92 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.

9.58 കോടി രൂപയുടേത് അദ്ദേഹത്തിന്റെ കുടുംബസ്വത്താണ്. സ്വന്തം പേരിലുള്ളത് 14.81 കോടി രൂപയുടെ സ്വത്താണ്. ഇതിൽ 6.51 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും 8.3 കോടി രൂപയുടെ ജംഗമവസ്തുക്കളുമുണ്ട്. ഭാര്യ രാധാഭായ് ഖാർഗെയ്ക്ക് 14.26 കോടിയുടെ സ്വത്തുണ്ട്. 4.41 കോടിയുടെ സ്ഥാവരസ്വത്തുക്കളും 9.85 കോടിയുടെ ജംഗമസ്വത്തുക്കളുമാണിത്. വെള്ളിയാഴ്ച്ചയാണ് ഖാർഗെ കർണാടക നിയമസഭാ സെക്രട്ടറിയുടെ മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *