ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടിവികെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടി.വി.കെ. സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡി.എം.കെ. അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. തമിഴ്നാട്ടിൽ ഗവർണർ ഭരണം തടയുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഗവർണർ വഴി ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ ഇട വരുത്തരുതെന്നാണ് കരുതിയത്.
ഉടൻ തന്നെ ടിവികെ സർക്കാരിനെ താഴെയിറക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. വർഷങ്ങളായി ഡിഎംകെ വിജയവും പരാജയവും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രവർത്തകർ ജയപരാജയങ്ങൾ സമചിത്തതയോടെ ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങൾ തുടരണമെന്നും സ്റ്റാലിൻ നിർദേശിച്ചു.
