മുംബൈ സ്ഫോടനക്കേസ്: സഞ്ജയ് ദത്തിനായി പിതാവ് സമ്മർദം ചെലുത്തിയിരുന്നുവെന്ന് മുൻ പൊലീസ് കമ്മീഷണർ

മുംബൈ: 1993-ൽ മുംബൈയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തപ്പോൾ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവും ബോളിവുഡ് താരവുമായ സുനിൽ ദത്ത് എം.പി സമ്മർദം ചെലുത്തിയിരുന്നുവെന്ന് മുംബൈ മുൻ പൊലീസ് കമ്മീഷണർ എം.എൻ സിങ് പറഞ്ഞു. താൻ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെന്നും എന്നാൽ, സഞ്ജയ് ദത്തിന് കുറഞ്ഞ ശിക്ഷ ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ഭീകരരിൽ നിന്ന് ആയുധങ്ങൾ വാങ്ങിയെന്ന കേസിൽ 1993 ഏപ്രിലിലാണ് സഞ്ജയ് ദത്തിനെ അറസ്റ്റുചെയ്തത്. മുതിർന്ന രാഷ്ട്രീയനേതാവായ സുനിൽ ദത്തിന്റെ മകൻ ഈ കേസിൽ ഉൾപ്പെട്ടത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. കലാപകാലത്തു കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് ആയുധം വാങ്ങിയതെന്നാണ് സഞ്ജയ് ദത്ത് ആദ്യം പറഞ്ഞത്. ലൈസൻസുള്ള തോക്കുകളും വീടിന് പൊലീസ് സുരക്ഷയുമുള്ളപ്പോൾ എന്തിനാണ് അനധികൃത ആയുധങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ വന്നപ്പോഴാണ് തെറ്റുപറ്റിയെന്ന് സമ്മതിച്ചത്. പിന്നാലെ, മകൻ മണ്ടത്തരം കാണിച്ചതാണെന്നും ഭീകരവാദിയല്ലാത്തതിനാൽ ഭീകരവാദത്തിനെതിരേയുള്ള ടാഡ നിയമം ചുമത്തരുതെന്നും സുനിൽ ദത്ത് തന്നോട് അഭ്യർഥിച്ചുവെന്നും എം.എൻ സിങ് പറഞ്ഞു. സഞ്ജയ് ദത്ത് ഭീകരവാദിയല്ലെങ്കിലും അവരെ സഹായിച്ചതും ദാവൂദ് ഇബ്രാഹിമിനെ കണ്ടതും ഗുരുതരമായ കുറ്റമാണെന്നായിരുന്നു എന്റെ നിലപാട്. ചില മുതിർന്ന പോലീസുകാരെ അറസ്റ്റുചെയ്തതോടെ ഉന്നതങ്ങളിൽ നിന്നെല്ലാം സമ്മർദമുണ്ടായെങ്കിലും കേസുമായി മുന്നോട്ടുപോയി.

എന്നാൽ, ആയുധംവിറ്റ അബു സലേം അടക്കമുള്ളവർക്കു ടാഡപ്രകാരം കടുത്തശിക്ഷ വിധിച്ചപ്പോഴും ആയുധം വാങ്ങിയ സഞ്ജയ് ദത്തിന് ടാഡ ഒഴിവാക്കി അഞ്ചുവർഷം മാത്രമാണ് ശിക്ഷ നൽകിയത്. സഞ്ജയ് ദത്തിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല, നിയമം നടപ്പാകണമെന്നേ ആഗ്രഹിച്ചൂള്ളൂവെന്നും എം.എൻ സിങ് വ്യക്തമാക്കി.1993-ലെ മുംബൈ സ്ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 1,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് ആയുധനിയമപ്രകാരം സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടിരുന്നു. തുടക്കത്തിൽ അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും നല്ല പെരുമാറ്റത്തിന് ഇളവ് ലഭിച്ചു. 2016-ൽ യെർവാദ സെൻട്രൽ ജയിലിൽ നിന്ന് മോചിതനാകുന്നതിന് മുൻപ്‌ മൂന്നര വർഷത്തോളം അദ്ദേഹം ജയിൽവാസം അനുഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *