പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ മെയ് 13ന് പുതിയ സർക്കാർ അധികാരമേൽക്കും. ഓള്‍ ഇന്ത്യ എന്‍. ആര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നേതാവ് എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി വീണ്ടുമെത്തും. എന്‍ഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എന്‍. രംഗസ്വാമിയെ തെരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. വെള്ളിയാഴ്ച രംഗസ്വാമി ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ കത്തും കൈമാറിയിരുന്നു. ഇത്തവണ ബിജെപിയുമായി ചേർന്നുള്ള മുന്നണി ഭരണമാണ് പുതുച്ചേരിയിൽ നിലവിൽ വരുന്നത്.
30 സീറ്റുകളിൽ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ. രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്. ഓള്‍ ഇന്ത്യ എന്‍. ആര്‍ കോണ്‍ഗ്രസ് 12 സീറ്റും ബിജെപി നാല് സീറ്റുമാണ് വിജയിച്ചത്. എഐഎഡിഎംകെ, എല്‍ജെകെ എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. ഇത് നാലാം തവണയാണ് എന്‍ രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. രാജ്‌നിവാസില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
