കൊച്ചി: 2026ലെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്. നിയമത്തിന്‍റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി പരിഗണിച്ചാണ് പുരസ്കാരം. ആർടിഐ കേരള ഫെഡറേഷൻ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. മുൻ സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോ. എഎ ഹക്കീം ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഭരണരംഗത്തെ സുതാര്യത, ഉത്തരവാദിത്തം, വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശം എന്നിവ ഉറപ്പാക്കാൻ ഡോ. ജോസ് എബ്രഹാം നടത്തിയ നിരന്തരമായ ഇടപെടലുകൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിച്ചത്. കൂടാതെ, ഡിപിഡിപി നിയമവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉൾപ്പെടെ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ നടന്ന നീക്കങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങളും ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, സീനിയർ സിറ്റിസൺസ് കമ്മീഷൻ അംഗം കെ.എൻ.കെ നമ്പൂതിരി എന്നിവരാണ് ജ്യൂറിയിലെ അംഗങ്ങൾ. പ്രശസ്തി പത്രവും ഫലകവും 25,000 രൂപ ക്യാഷ് പ്രൈസും അടങ്ങുന്ന അവാർഡ് ജൂണിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുമെന്ന് ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ശശി കിഴക്കാടയും ജനറൽ സെക്രട്ടറി ജോളി പാവേലിലും അറിയിച്ചു.
