പഹല്‍ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചു’: മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി

മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മകള്‍ മകള്‍ പങ്കുവച്ച വിഡിയോക്ക് താഴെ വിദ്വേഷ കമന്റിട്ട മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് ആണ് അറസ്റ്റിലായത്. സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തടഞ്ഞുവെക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സനൂഫിനെ ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയത്. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ എന്‍ രാമചന്ദ്രന്റെ മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ സനൂഫ് ഇട്ട കമന്റുകളാണ് കേസിനാധാരം. 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട ആക്രമണത്തെ ന്യായീകരിക്കുന്നതായിരുന്നു കമന്റുകളെന്ന് പൊലീസ് വ്യക്തമാക്കി.

യുവമോര്‍ച്ച നേതാവ് നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഎപിഎ കൂടാതെ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിനും സനൂഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും തുടര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ ഭീകരവിരുദ്ധ സ്‌ക്വാഡിനോ കൈമാറിയേക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിനോട് പ്രതികരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സ്വന്തം നാട്ടുകാരനായ ഒരു മലയാളി ക്രൂരമായി കൊല്ലപ്പെട്ടതിനെ ആഘോഷിക്കാന്‍ ഒരു മലയാളി യുവാവ് എങ്ങനെ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്ന് ചോദിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വര്‍ഷങ്ങളായുള്ള പ്രീണനത്തിന്റെയും കോണ്‍ഗ്രസ്-സിപിഎം കക്ഷികളുടെ രാഷ്ട്രീയ കാപട്യത്തിന്റെയും ഫലമാണെന്ന് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *