തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ശക്തിയുക്തം എതിർക്കുമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി ആര് അനില്‍. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും ജി ആര് അനില്‍ വ്യക്തമാക്കി.
ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്. മുസ്ലിം ലീഗടക്കം ശക്തമായി എതിര്‍ത്തിരുന്നതാണ് പിഎം ശ്രീ. എന്നാല്‍ മുസ്ലിം ലീഗ് മന്ത്രി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ന്യായം പറഞ്ഞുകൊണ്ട് അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 19ന് നിയമസഭ വീണ്ടും ആരംഭിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കും. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ് എന്നത് വെറും ന്യായം മാത്രമാണ്, കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തെ ബിജെപി നയങ്ങളെ എതിര്‍ക്കുന്നവരല്ലെന്നും ജി ആര് അനില്‍ കൂട്ടിച്ചേർത്തു.
