പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്‌സി– എസ്‌ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. താമസസ്ഥലത്ത് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനത്തിന് പുറമേ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രശോഭ് മണ്ണാർക്കാട് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ അതിജീവിത ജഡ്ജിക്ക് രഹസ്യ മൊഴി നൽകിയിരുന്നു. അതിജീവിതയുടെ വൈദ്യപരിശോധന റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച ജഡ്ജി പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷ തള്ളുകയായിരുന്നു.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ കാണിച്ചുതന്നതായും പരാതിയിൽ പറയുന്നു. പാലക്കാടൻ നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡിലെ കൗൺസിലറാണ് പ്രശോഭ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തതിന് പിന്നാലെ രാഹുൽ പ്രശോഭിന് വോട്ട് ചെയ്യാനായി പാലക്കാട് എത്തിയിരുന്നു.
