ഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്ഫോടന കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി. നൗഗാം പൊലീസ് എടുത്ത കേസിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമര്‍ നബി ഉള്‍പ്പെടെ നാല് ഡോക്ടര്‍മാർ അടക്കം 10 പേരാണ് പ്രതികളായുള്ളത്. തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡോക്ടർമാർ ഭാഗമായ ഭീകര സംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സംഘടനയായ അന്‍സാര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനാണ് ഈ സംഘം ലക്ഷ്യമിട്ടത്. സുരക്ഷാ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികൾ ‘ജയ്‌ഷെ മുഹമ്മദ്’ എന്ന പേര് ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ‘വൈറ്റ്-കോളര്‍ ഭീകരവാദ മൊഡ്യൂള്‍’ എന്നാണ് പ്രതികളെ കുറ്റപത്രത്തില്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം നവംബര്‍ 10 ന് വൈകുന്നേരമാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ട്രാഫിക് സിഗ്നലിൽ കാത്തുനിന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വൈറ്റ് ഹ്യുണ്ടായ് ഐ 20 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ പ്രഭാവം മൂലം സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചതായും ബോംബ് നിർമ്മാണത്തിനുള്ള വീഡിയോകൾ വിദേശത്ത് നിന്ന് ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
