റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും , ടിക്കറ്റുനിരക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തി മടങ്ങാനാവാത്ത വിദേശികൾക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി ജവാസത് ( പാസ്പോർട്ട് ഡയറക്ടറേറ്റ്) പുതുക്കി നൽകുന്നതായാണ് വിവരം. ഔദ്യോഗികമായ അറിയിപ്പുകൾ അധികൃതരിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിലും ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചതായി വിവരമുണ്ട്. വിസ പുതുക്കികിട്ടിയവർ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
നിലവിൽ സിംഗിൾ എൻട്രി വിസിറ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്കാണ് റിയാദ് ജവാസത് ഓഫീസിൽ നിന്നും വിസ പുതുക്കി നൽകുന്നത്. എത്ര ദിവസത്തെ എൻട്രിയിലാണോ ഒരാൾ എത്തിയത് , അത്യയും ദിവസത്തേക്ക് കൂടി വിസ നീട്ടി നൽകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ മൾട്ടിപ്പിൾ വിസയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിസ പുതുക്കൽ ഫോറം , വിസ കാലാവധി വ്യക്തമാക്കുന്ന അബഷീറിലെ പേജിന്റെ പ്രിന്റൗട്ട് , സന്ദർശകന്റെ പാസ്സ്പോട്ടിന്റെയും നിലവിലെ വിസയുടെയും പകർപ്പുകൾ , വിസ സ്പോൺസർ ചെയ്ത വ്യക്തിയുടെ ഇഖാമയുടെ പകർപ്പ് എന്നിവ സഹിതം ജവാസത്തിനെ സമീപിച്ചപ്പോഴാണ് വിസ നീട്ടിക്കിട്ടിയതെന്ന് അനുഭവസ്ഥർ പറയുന്നു. ഹെൽത്ത് ഇൻഷുറൻസ് കാലാവധി ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. 100 റിയാൽ ഫീസായും അടക്കണം. മാത്രമല്ല യാത്ര മുടങ്ങിയ യാത്രയുടെ വിമാന ടിക്കറ്റിന്റെ കോപ്പി അല്ലെങ്കിൽ പുതിയ തീയതിയിലുള്ള ടിക്കറ്റോ കരുതുന്നതും നടപടികൾ എളുപ്പമാക്കാൻ ഗുണം ചെയ്യും. കൂടെ ജവാസത്തിൽ നിന്നുള്ള അപ്പോയിൻമെൻറ് സ്ലിപ്പും കരുതണം.
