തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്നു. എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ചയാണ് അന്വേഷണ സംഘം ഈ കേസിലെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത തേടേണ്ടത് അനിവാര്യമാണ് എന്ന വിലയിരുത്തലിനെ തുടർന്നാണ് എഡിജിപിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഓഫീസിൽവെച്ച് ചോദ്യംചെയ്യൽ നടന്നത്. ഈ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കേസിൽ കൂടുതൽ അറസ്റ്റുകളോ നിർണായക വെളിപ്പെടുത്തലുകളോ ഉണ്ടാകുമെന്നാണ് സൂചന.
നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളും രേഖകളും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിനാണ് അവസാനഘട്ടത്തിൽ ഇത്തരമൊരു ദീർഘമായ ചോദ്യംചെയ്യൽ നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമെ മറ്റ് പലർക്കും ഈ കൊള്ളയിൽ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിനെ സംബന്ധിക്കുന്ന നിർണായകമായ പല വിവരങ്ങളും ഈ ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിട്ടുണ്ടെന്നാണ് വിവരം.
