എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പ്രതിഷേധം ആഹ്വാനം ചെയ്ത് എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ നടന്ന എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും, 30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചുവെന്നും, കെഎസ്‌യുക്കാർക്കെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈ ഒടിഞ്ഞു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു സംഘർഷം ഉടലെടുത്തത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് നേതാക്കളായ എം വി ജയരാജനും എ എ റഹീമും എത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

അതേസമയം, പൊലീസിന്റെ നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും, ജില്ലാ കേന്ദ്രങ്ങളിലും എസ്പി ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും എസ്എഫ്ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *