കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾ. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടാണ് CJP സഹകൺവീനർമാരായ സൗരവ് ദാസും ആശുതോഷ് റങ്കയും രംഗത്തെത്തിയത്.
‘സ്വയംപ്രഖ്യാപിത ലിബറൽ’ വിഭാഗം ദിപ്കെയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുകയാണെന്നാണ് ആശുതോഷ് റങ്കയുടെ ആരോപണം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന ഈ വിഭാഗം പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം വിമർശിച്ചു.
ഇതിന് പിന്നാലെ സൗരവ് ദാസും സമാന വിമർശനം ഉന്നയിച്ചു. ബിജെപിക്ക് പുറമെ മറ്റൊരു രാഷ്ട്രീയ വിഭാഗവും ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്ക് മാത്രമാണെന്ന് കരുതുന്നുവെന്നായിരുന്നു ദാസിന്റെ പരാമർശം. ഈ വിഭാഗത്തെ ‘സ്വയംപ്രഖ്യാപിത ലിബറലുകൾ’ എന്നും ഭരണഘടനയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
CJPയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങൾ ചില ഘട്ടങ്ങളിൽ ബിജെപി അനുകൂല രാഷ്ട്രീയ പരിസരത്തേക്കാൾ മോശമായി മാറുന്നുവെന്നും ദാസ് ആരോപിച്ചു. യുവാക്കൾക്ക് മുന്നോട്ട് വരേണ്ട സാഹചര്യം നിലവിലെ രാഷ്ട്രീയ പരാജയങ്ങളുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇരുവരും പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമർശിച്ചില്ല.
