നിവിൻ പോളി- ഗിരീഷ് എ. ഡി കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന് ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഷോർട്ട് ഫിലിം പുറത്തുവിട്ടത്.
ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി കാണിക്കുന്ന അതേ ഹ്രസ്വചിത്രമാണ് ഇപ്പോൾ പൂർണ്ണരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. “തേച്ചിട്ടുപോയ കാമുകിമാർക്കുള്ള സമർപ്പണം” എന്ന രസകരമായ ടാഗ്ലൈനോടെയാണ് ഹ്രസ്വചിത്രം സിനിമയിൽ കാണിച്ചിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലും ക്രെഡിറ്റ്സിലും ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ അതേ ആളുകളെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ നിവിൻ പോളി ഉൾപ്പെടെയുണ്ട് എന്നതാണ് കൗതുകം.
റിലീസ് ചെയ്ത് ചെറിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും യൂട്യൂബിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ക്രിയേറ്റീവ് പ്രൊമോഷൻ ശൈലിയെ സിനിമാപ്രേമികൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. അതേസമയം മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒരാഴ്ചകൊണ്ട് 150 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.



