തിരുവനന്തപുരം: ഏത് സമയത്തും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. തനിക്കെതിരെ ഫ്ലെക്സ് വയ്ക്കുന്നത് ആരാണെന്ന് അറിയില്ല. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. പറയാനുള്ളത് പാർട്ടി യോഗങ്ങളിൽ പറയാമെന്നും ഫ്ളക്സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം, ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഫ്ലക്സുകൾ ഉയർന്നിരുന്നു. ഒരാൾ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് വേണമെന്നുമാണ് ആവശ്യം. എംപിയും എംഎൽഎയും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നുമാണ് ഫ്ളെക്സിൽ പറയുന്നത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ളെക്സ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞു മാറി. അത് ഞാൻ കഴിച്ചു നോക്കിയിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി പ്രതികരിച്ചു. ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് അദേഹം പറഞ്ഞു. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നുവെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി. വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്. ഇതും പ്രതിസന്ധിയായെന്നും ജലാസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
