കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുതിർന്ന ബിജെപി നേതാക്കൾ, മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. കാവി വസ്ത്രം അണിഞ്ഞ് ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. ലക്ഷക്കണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബ്രിഗേഡ് ഗ്രൗണ്ടിൽ എത്തിയത്. സത്യപ്രതിജ്ഞയ്ക്കു മുൻപ് സുവേന്ദു അധികാരിയുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി. അതേസമയം നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് തോൽപിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ മമത ബാനർജിയുടെ വസതിക്കു പുറത്ത് സിആർപിഎഫിനെ വിന്യസിക്കുകയും നഗരത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന്, ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്ന സുവേന്ദു കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. മരുമകൻ അഭിഷേക് ബാനർജിയെ മമത ബാനർജി പാർട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂൽ കോൺഗ്രസ് വിട്ടത്. ബംഗാളിൽ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ കുന്തമുനയാണ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിനോട് നേരിട്ട് പോരടിച്ച് നിയമസഭയ്ക്കകത്തും പുറത്ത് തെരുവിലും സുവേന്ദു നടത്തിയ പോരാട്ടം ബിജെപിയുടെ ചരിത്ര വിജയത്തിൽ നിർണായകമായി. പല സംസ്ഥാനങ്ങളിലെയും പോലെ നയിക്കാൻ ഒരു മുഖമില്ലെന്ന പ്രതിസന്ധി ഇനി ബംഗാളിൽ ബിജെപിക്കില്ല.
രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന മുതിർന്ന നേതാവ് ശിശിർ അധികാരിയുടെ മകനാണ് സുവേന്ദു അധികാരി. 1995 ൽ യൂത്ത് കോൺഗ്രസിലൂടെ രാഷട്രീയത്തിലെത്തിയ സുവേന്ദു 1998ൽ അച്ഛനോടൊപ്പമാണ് മമത ബാനർജിയുടെ ടിഎംസിയിലെത്തിയത്. സിപിഎമ്മിന്റെ കോട്ടയായിരുന്ന മേദിനിപൂർ മേഖലയിൽ ടിഎംസിയെ വളർത്തിയതിൽ അധികാരി കുടുംബത്തിന് നിർണായക പങ്കുണ്ട്. മമത ബാനർജിയുടെ വളർച്ചയിൽ നിർണായകമായ 2007 ലെ നന്ദിഗ്രാമിലെ ഭൂമിയേറ്റെടുപ്പിനെതിരായ സമരത്തിന്റെ പ്രധാന ആസൂത്രകൻ അന്ന് എംഎൽഎയായ സുവേന്ദുവായിരുന്നു. 2009 ലും 2014ലും താംലൂക് മണ്ഡലത്തിൽനിന്നും വിജയിച്ച് എംപിയായി. 2016 ൽ മന്ത്രിയായി. 2017 ൽ മുകുൾ റോയ് ടിഎംസി വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ സുവേന്ദു പാർട്ടിയിലെ പ്രധാന തന്ത്രജ്ഞനായി. എന്നാൽ അഭിഷേക് ബാനർജി പാർട്ടിയിൽ പിടിമുറുക്കിയതിന് പിന്നാലെ സ്വാഭാവികമായി മമതയുടെ പിൻഗാമിയാകുമെന്ന് കരുതിയ സുവേന്ദു മമതയുമായി അകന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 2020 ൽ എല്ലാവരെയും ഞെട്ടിച്ച് സുവേന്ദു ബിജെപിയിൽ ചേർന്നു. അമിത് ഷാ നേരിട്ടിടപെട്ടാണ് സുവേന്ദുവിനെ ബിജെപിയിലെത്തിച്ചത്. അപകടം മണത്ത മമത ബാനർജി നന്ദിഗ്രാമിൽ സുവേന്ദുവിനെ വീഴ്ത്താൻ മത്സരിച്ചെങ്കിലും തോറ്റു. മേഖലയിൽ 9 സീറ്റുകളിൽ ബിജെപിയെ വിജയിപ്പിച്ച് സുവേന്ദു വരവറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവായതോടെ സുവേന്ദു മമത പോര് രൂക്ഷമായി. ഇത്തവണ മമതയ്ക്കെതിരെ സുവേന്ദു ഭവാനിപൂരിൽ മത്സരിച്ച് കണക്ക് തീർത്തു. പതിനയ്യായിരത്തിലധികം വോട്ടിന് വിജയിച്ചത് മമത ബാനർജിക്ക് ഇരട്ടിപ്രഹരമായി. തെരുവിൽ പോരടിച്ച് വളർത്തിയ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കളികളും അറിയുന്ന സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ പിടിച്ചു നിൽക്കാൻ മമത ബാനർജി എന്തൊക്കെ ചെയ്യുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
