ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അർജന്റീനിയൻ ദേശീയ ടീമിനെതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്റീന സർക്കാർ. അർജന്റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്റ് ഹാവിയർ മൈലി ഒപ്പുവെച്ചു.
രാജ്യത്തിന്റയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ലെന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് അർജന്റീനയ്ക്കെതിരെ വൻ വിദ്വേഷ പ്രചാരണം നടന്നത്. ടൂർണമെന്റിലുടനീളം ഫിഫ അർജന്റീനയെ സഹായിച്ചുവെന്ന ആരോപണങ്ങളും, കളിക്കാരുടെ കടുത്ത കളിരീതിയും ആരാധകരുടെ പെരുമാറ്റവും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മത്സരശേഷം സ്പെയിൻ കളിക്കാരുമായി അർജന്റീന താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫ നിലവിൽ അന്വേഷണം നടത്തിവരികയാണ്. കൂടാതെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ ‘ഫോക്ക്ലാന്റ് ദ്വീപ്’ ബാനർ ഉയർത്തിക്കാട്ടിയതും അന്വേഷിക്കുന്നുണ്ട്.
