അവർ ചെയ്തത് ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് ഇ.പി ജയരാജൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺ​ഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർക്കുണ്ടെന്നും അവർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാർ നിലവിൽ അധികാര ദുർവിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിർത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. മുമ്പ് യു.ഡി.എഫ് അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി പല സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും സാധിച്ചേക്കും. എന്നാൽ മുൻകാലങ്ങളിൽ യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ള നടപടികൾ ഓർക്കുന്നത് നന്നായിരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു

അതേസമയം, ഗൺമാൻമാരുടെ മർദനത്തിന്റെ തെളിവ് നശിപ്പിച്ച സംഭവത്തിൽ, പ്രത്യേക കേസെടുക്കാൻ നിയമോപദേശം തേടി എസ്ഐടി. 2023 ഡിസംബർ 15 നുണ്ടായ വിവാദ രക്ഷാപ്രവർത്തനത്തിന്റെ യഥാർത്ഥ അന്വേഷണ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ തിരുത്തിച്ചു എന്നാണ് കണ്ടെത്തൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയാണ് നിർണായകമായത്. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽരാജ് തെളിവ് നശിപ്പിക്കാനും കേസ് ഡയറി തിരുത്താനും കൂട്ടുനിന്നതായും കണ്ടെത്തി. നിർണായക വിവരങ്ങളടങ്ങിയ റിപ്പോർട്ട് നാളെ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന് കൈമാറും. ശേഷമായിരിക്കും തീരുമാനം. പ്രതികളായ അനിൽ കല്ലിയൂരും സന്ദീപും നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *