‘രാജിവച്ചവർ തന്നെ വീണ്ടും നേതൃത്വത്തിൽ’; അമ്മയിലെ പുനഃസംഘടനയ്ക്കെതിരെ അൻസിബ ഹസൻ

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി പുനഃസംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. രാജിവച്ച ഭാരവാഹികൾ തന്നെ വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നതും പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതും സംഘടനയുടെ ബൈലോയ്ക്കും ജനാധിപത്യ തത്വങ്ങൾക്കും വിരുദ്ധമാണെന്നാണ് അൻസിബയുടെ ആരോപണം.

ജനറൽ ബോഡിയിൽ രാജിവച്ചതായി പ്രഖ്യാപിച്ച ഭാരവാഹികൾ പിന്നീട് സ്വമേധയാ തിരിച്ചെത്തി ഭരണത്തിൽ തുടരുകയാണെന്നാണ് അൻസിബ പറയുന്നത്. ഇത്തരത്തിൽ തുടരുന്നതിനെതിരെ താനും മുതിർന്ന അംഗങ്ങളായ പൊന്നമ്മ ബാബു, മാലാ പാർവതി, ഉഷ ഹസീന എന്നിവരും ചേർന്ന് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പരാതിയിൽ ഒക്ടോബർ 14ന് ഹിയറിങ് നിശ്ചയിച്ചിട്ടുണ്ടെന്നും അൻസിബ പറഞ്ഞു.സംഘടനയിൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ജനറൽ ബോഡി വിളിച്ചുചേർത്ത് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അൻസിബയുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ ‘അമ്മ’യുടെ ബൈലോയ്ക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവർ ആരോപിച്ചു. ജനറൽ ബോഡിയാണ് സംഘടനയിലെ പരമാധികാര സമിതിയെന്നും അൻസിബ ചൂണ്ടിക്കാട്ടി.

തനിക്ക് പകരം സരയു മോഹനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടിയെയും അൻസിബ ചോദ്യം ചെയ്തു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് അൻസിബയുടെ വിമർശനം. അതേസമയം, അൻസിബയുടെ ഒഴിവിലേക്ക് സരയു മോഹനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തതായി റിപ്പോർട്ടുകളുണ്ട്.‘അമ്മ’ ഒരു ചാരിറ്റബിൾ സംഘടനയായതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളെയും അംഗങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങളെയും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ നീളരുതെന്നും അൻസിബ പറഞ്ഞു. സംഘടനയുടെ സ്വത്തും സാമ്പത്തിക കാര്യങ്ങളും ഉൾപ്പെടെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ നേരത്തെ നിയമപോരാട്ടങ്ങളിലേക്കും എത്തിയിരുന്നു. സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമോ എന്ന പരാമർശം കേരള ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *