തിമിരി ബോംബേറ് കേസ്: 10 സിപിഐഎം പ്രവർത്തകർക്ക് 25 വർഷം തടവ്

കണ്ണൂർ: തിമിരി ബോംബേറ് കേസിലെ പ്രതികളായ 10 സിപിഐഎം പ്രവർത്തകർക്കും 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

കണ്ണൂർ ആലക്കോട് തിമിരിയിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത്‌ അംഗം അടക്കം ഉള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി തെക്കിനിയിൽ ടി. വി ബിനു എന്ന ഉടുമ്പ് ബിനു 25 വർഷം തടവ് അനുഭവിക്കണം. 9 പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. തിമിരി ഏളയാട് മേമന എം. കെ പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയിൽ പി. പി സത്യൻ, സിപിഐഎം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടിൽ പി. വി ബാബുരാജ്, അടുക്കം ഇടത്തിലെ വിട്ടിൽ ഇ. വി വിനോദ് കുമാർ, ഏളയാട് പാലേരി വിജയൻ, ഏളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ. പി സുരേഷ്, ചെറുപുഴ തെക്കേവയൽ ടോബി, ഏളയാട് കോറോത്ത് വളപ്പിൽ ജനാർദനൻ, കാരയാട്ട് മാൻവെട്ടും കുന്നേൽ ശിവപ്രകാശ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇതോടെ പഞ്ചായത്തംഗം അയോഗ്യനാക്കപ്പെടും.

2011 നവംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തലേദിവസം സിപിഐഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പ്രതികൾ ബോംബെറിഞ്ഞത്. ഒൻപത് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *