അബൂദബി: ആഗോള സമാധാനം, സുരക്ഷ, സ്ഥിരത, വിശ്വാസം, വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖ്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിക്കിടയിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അദ്ദേഹം നന്ദി അറിയിച്ചു. തുടർച്ചയായ ആറാഴ്ചകളിലായി സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആയിരക്കണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധിച്ച സമയത്ത് പിന്തുണ നൽകിയ ജി7 രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
പശ്ചിമേഷ്യയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കൂടുതൽ ശക്തമായ അന്താരാഷ്ട്ര സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ആവശ്യകതയെയാണ് അടിവരയിടുന്നത്. സുസ്ഥിരമായ വിതരണ ശൃംഖലകളും, സുരക്ഷിതമായ വ്യാപാര പാതകളും, കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളുമാണ് സാമ്പത്തിക അഭിവൃദ്ധിയുടെ അടിസ്ഥാനം. ആഗോള സ്ഥിരത ഉറപ്പാക്കുക എന്നത് പങ്കാളിത്ത താല്പര്യം മാത്രമല്ല, മറിച്ച് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തം കൂടിയാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ആഗോള സമാധാനത്തിനായി യു.എ.ഇ പ്രവർത്തിക്കും’; യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
