ആലപ്പുഴ: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റേതെന്ന് എക്സൈസ് മന്ത്രി എം. ലിജു. പുതിയ മദ്യനയം സംബന്ധിച്ച പ്രാരംഭ നടപടികൾ പൂർത്തിയായെന്നും നവംബറിൽ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ മദ്യനയം സമൂഹത്തിന് യോജിച്ചതല്ലെന്നും ഹോർട്ടി വൈൻ വിൽപ്പനയ്ക്കുള്ള അനുമതി അതിന്റെ പരിണിതഫലമാണെന്നും അദ്ദേഹം വിമർശിച്ചു.
ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയതിൽ അബ്കാരി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മന്ത്രിയുടെ ആരോപണം. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് എക്സൈസ് മന്ത്രിയുടെ അഭിപ്രായം തേടണമായിരുന്നു. എന്നാൽ ഇക്കാര്യം സർക്കാരിൽനിന്ന് മറച്ചുവെച്ച ഉദ്യോഗസ്ഥർ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളിലൂടെയാണ് താൻ വിവരം അറിഞ്ഞതെന്നും എം. ലിജു പറഞ്ഞു.
ഹോർട്ടി വൈൻ വിൽപ്പനയ്ക്കുള്ള അനുമതി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ കാലത്ത് കൊണ്ടുവന്ന ചട്ടഭേദഗതിയുടെ അടിസ്ഥാനത്തിലാണെന്നും നിലവിലെ ഉദ്യോഗസ്ഥർ അതനുസരിച്ചാണ് ലൈസൻസ് നൽകിയതെന്നും എം. ലിജു ആരോപിച്ചു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മദ്യനയം മാറിയെന്ന കാര്യം ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും സർക്കാർ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർക്ക് ഇടതുപക്ഷത്തോടുള്ള ചായ്‌വുണ്ടെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു.
ചാലക്കുടിയിലെ എം.ആർ.സി. സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിന് ഹോർട്ടി വൈൻ വിൽക്കാൻ നൽകിയ ലൈസൻസ് നേരത്തേ എക്സൈസ് വകുപ്പ് റദ്ദാക്കിയിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കാനും എക്സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് മാറ്റാനും മന്ത്രി നിർദേശം നൽകിയിരുന്നു. ബേക്കറികൾ വഴി വൈൻ വിൽക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തണമോയെന്നത് പുതിയ മദ്യനയത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബേക്കറികൾ വഴി വൈൻ വിൽപ്പന അനുവദിക്കുന്നത് യുഡിഎഫിന്റെ പൊതുനിലപാടല്ലെന്നും മന്ത്രി പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും പുതിയ നയം പ്രഖ്യാപിക്കുന്നതോടെ ഇത്തരം വിഷയങ്ങളിൽ വ്യക്തത വരുമെന്നും എം. ലിജു വ്യക്തമാക്കി.



