കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്കാരം പി.വി. കൃഷ്ണൻ കുറൂരിന്. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യപരിശ്രമം, കവിത തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
മെയ് 8-ന് വൈകുന്നേരം നാലുമണിക്ക് ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി.വി. കൃഷ്ണൻ കുറൂർ തയ്യാറാക്കിയ ‘കാവ്യപ്രഭാവം’ എന്ന കാവ്യകേളി പാഠപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലുവ തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന അക്ഷരശ്ലോക-കാവ്യകേളി അവതരണം ഉണ്ടായിരിക്കും. പുരസ്കാര സമർപ്പണത്തിന് ശേഷം സങ്കീർത്തന ഷൈജു, സൗപർണ്ണിക ഷൈജു എന്നിവരുടെ ഭരതനാട്യ കച്ചേരിയും അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ പ്രൊഫ. കെ.ജി. പൗലോസ്, പ്രൊഫ. എം. തോമസ് മാത്യു, ഡോ. അഥീന എം.എൻ., ഡോ. എസ്.വി. ആര്യാംബിക, പ്രൊഫ. പി.ജി. ശങ്കരൻ, ഡോ. സരിത മഹേശ്വരൻ, ഡോ. കെ.പി. ശ്രീദേവി, അഡ്വ. കെ. ബാലചന്ദ്രൻ, സി.എം. നളിനി തുടങ്ങിയവർ പങ്കെടുക്കും.
