തൃശൂർ കോൺഗ്രസിൽ അച്ചടക്ക ലംഘനം

തൃശൂർ: കുന്നംകുളം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കനത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി ജില്ലാ കോൺഗ്രസ് കമ്മിറ്റി. പലതവണ മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയിട്ടും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് ഒരു വിഭാഗം കൗൺസിലർമാർ സ്വീകരിക്കുന്നത്. ഇത് സംഘടനയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിലർ ഷാജി ആലിക്കലിനെതിരെ നടപടിയെടുക്കാൻ കെ.പി.സി.സി നേതൃത്വം ഡി.സി.സിക്ക് നിർദ്ദേശം നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഷാജി ആലിക്കലിനെതിരെ പാർട്ടിയിൽ നിന്ന് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. ഇദ്ദേഹത്തെ മാറ്റിനിർത്തി മറ്റ് കൗൺസിലർമാരെ ഒപ്പം നിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

​മുമ്പും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഷൻ നേരിട്ടിട്ടുള്ള വ്യക്തിയാണ് ഷാജി ആലിക്കൽ. നഗരസഭയിൽ സി.പി.ഐ.എമ്മിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യങ്ങളിൽപ്പോലും, കോൺഗ്രസിനുള്ളിൽ വിള്ളലുണ്ടാക്കി ഭരണപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് ഡി.സി.സി വിലയിരുത്തുന്നു. പ്രശ്നപരിഹാരത്തിനായി പ്രാദേശിക നേതൃത്വം ജില്ലാ നേതൃത്വത്തിനു മുന്നിൽ ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *