പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥയെന്ന വ്യാജേന പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ നബന്നയിൽ പ്രവേശിച്ച് മന്ത്രിയെ കണ്ട യുവതി അറസ്റ്റിൽ. ഡോ. അകാംക്ഷ വിദ്യാർഥിയെയാണ് ഹൗറ പൊലീസ് ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി അജയ് പൊദ്ദാറിനെ കാണുന്നതിനായി യുവതി ഇ-മെയിൽ വഴി നേരത്തെ അനുമതി തേടിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ യുവതി പറഞ്ഞ ചില കാര്യങ്ങളിൽ മന്ത്രിക്ക് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പി എം ഓ യുമായി ബന്ധമുണ്ടെന്ന അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് മന്ത്രിയുടെ ഓഫിസ് പൊലീസിൽ പരാതി നൽകി. എന്നാൽ ഇതിനിടെ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ യുവതിയെ ഹൗറ പൊലീസ് സംഘം ഡൽഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നബന്ന പോലുള്ള അതീവ സുരക്ഷാ മേഖലയിലേക്ക് വ്യാജ തിരിച്ചറിയൽ ഉപയോഗിച്ച് യുവതി എങ്ങനെ പ്രവേശിച്ചുവെന്നും ഇതിന് പിന്നിലെ ലക്ഷ്യമെന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സമാന രീതിയിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
