ഡൽഹിക്കെതിരെ പഞ്ചാബിന് 265 റൺസ് വിജയലക്ഷ്യം; കെ. എല്‍ രാഹുലിന് സെഞ്ച്വറി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 265 റണ്‍സിന്‍റെ വിജയലക്ഷ്യം. ഡൽഹിയിലെ അരുണ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കെ. എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ച്വറിയുടെയും നിതീഷ് റാണയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടത്തു. 47 പന്തിൽ സെഞ്ച്വറി തികച്ച രാഹുല്‍ 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്നു. 44 പന്തില്‍ 91 റണ്‍സടിച്ച നിതീഷ് റാണ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ രാഹുല്‍-നിതീഷ് റാണ സഖ്യം 95 പന്തില്‍ 220 റണ്‍സാണ് അടിച്ചു കൂട്ടിയത്.

നേരത്തെ 6 പന്തില്‍ 12 റണ്‍സെടുത്തു നില്‍ക്കെ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് ബൗണ്ടറിയില്‍ ശശാങ്ക് സിംഗ് കൈവിട്ടതിന് പഞ്ചാബ് കനത്ത വില നല്‍കേണ്ടി വന്നു. ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍ പാതും നിസങ്കയെ(11) മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും രാഹുൽ-നിതീഷ് റാണ സഖ്യം കളിയുടെ നിയന്ത്രണമേറ്റെടുത്തു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 68 റണ്‍സിലെത്തിച്ചു. പത്താം ഓവറിലാണ് ഡല്‍ഹി 100 കടന്നത്. ആദ്യ പത്തോവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്നു. ഡല്‍ഹിക്കായി പിന്നീട് രാഹുലും നിതീഷ് റാണയും ഗിയര്‍ മാറ്റി. ഇതോടെ അടുത്ത അഞ്ചോവറില്‍ 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ 28 റൺസാണ് നിതീഷ് റാണ അടിച്ചെടുത്തത്. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെട്ട ഓവറിൽ തന്നെ റാണ തന്‍റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി.

15-ാം ഓവറിൽ മാർക്കോ യാൻസനെ ബൗണ്ടറി കടത്തി 47 പന്തില്‍ രാഹുല്‍ ഐപിഎല്ലിലെ ആറാം സെഞ്ച്വറി തികച്ചു. സെഞ്ച്വറിക്ക് ശേഷം വിജയകുമാര്‍ വൈശാഖ് എറിഞ്ഞ പതിനാറാം ഓവറില്‍ ഹാട്രിക്ക് സിക്സ് അടക്കം 24 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. പതിനേഴാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ നിതീഷ് റാണയെ ബൗണ്ടറിയില്‍ സ്റ്റോയ്നിസ് ക്യാച്ചെടുത്തെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയതിനാല്‍ സിക്സ് അനുവദിച്ചു. പത്തൊമ്പതാം ഓവറിലാണ് ബാര്‍ട്‌ലെറ്റ് കൂട്ടുകെട്ട് പൊളിച്ച് നിതീഷ് റാണയെ പുറത്താക്കിയത്. അപ്പോഴേക്കും ഡല്‍ഹി 250 റൺസിന് അടുത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *