പിണറായിയെ വിമർശിച്ച് വീണ്ടും ബിനോയ് വിശ്വം

തൃശ്ശൂർ: പിണറായി വിജയെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർ‌ശനം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താൽക്കാലിക ലാഭത്തിനായി വരുന്നവർ ബന്ധുക്കൾ അല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.

അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കണെമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാസ്റ്റ് ടെൻസിൽ ആണ് താൻ പറയുന്നതെന്നും എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം.

എസ്എഫ്ഐയേയും എഐഎസ്എഫിനേയും ബിനോയ് വിശ്വം വിമർശിച്ചു. പുതിയ തലമുറയിലേക്ക് നമ്മൾ പറയുന്ന കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. എസ്എഫ്ഐയും എഐഎസ്എഫും എവിടെയാണെന്ന് ചോദിച്ച ബിനോയ് വിശ്വം യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ചൂണ്ടിക്കാണിച്ചു. സിപിഐഎമ്മും സിപിഐയും പരസ്പരം പടവെട്ടിയപ്പോൾ ശത്രുക്കൾ വളർന്നുവെന്നും അവർ കോട്ടകൾ കീഴടക്കി കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *