മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്’; ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയ വല്‍ക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആര്‍എസ്എസ് അധ്യക്ഷന്റെ പ്രഭാഷണ പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തത്. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. സര്‍വ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസമേഖലയുടെയും മതേതര – രാഷ്ട്രീയേതര സ്വഭാവം നിലനിര്‍ത്തിയാല്‍ മാത്രമേ മികച്ച അക്കാദിമക അന്തരീക്ഷമുണ്ടാകൂ. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറരുത്. ഈ മൂന്ന് വിസിമാരും തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ഇത്തരത്തിലുള്ള പരിപാടികളില്‍ നിന്നും ഭാവിയില്‍ വിട്ടു നില്‍ക്കുകയും വേണം.

ഗവര്‍ണ്ണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ചണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *