തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ തയ്യാറാകണമെന്നും അർഹരായവർക്ക് മാത്രം ഈ ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിന്റെ പൂർണ അർത്ഥത്തിൽ വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
“എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു നിർധനയായ സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല” എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രികർ തീരുമാനിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരമൊരു മാറ്റം സർക്കാരിനും ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നൽകാൻകഴിയുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ടത് ഈ സംവിധാനത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇതിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമ്പോഴും കൂടുതൽ ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ നല്ലൊരു സാമ്പത്തിക അടിത്തറ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സി.പി. ജോണിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേർന്ന് ഇതിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്ലാൻ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നന്മയ്ക്കായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ കാര്യങ്ങളെ ഉൾക്കൊള്ളാനും അതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തിരുത്തൽ ശക്തികളായി മാറാനും പ്രതിപക്ഷം തയ്യാറാകണം. ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും അതീതമായി ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
