റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും മിയാമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോണിസ് പറഞ്ഞു. 1994-ലെ ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ്-16 ൽ എത്തിയതുപോലുള്ള നല്ല ഓർമകൾ ഞങ്ങൾക്കുണ്ടെന്നും , സ്പെയിൻ, ഉറുഗ്വേ അടങ്ങുന്ന ടൂർണമെന്റിലെ തന്നെ വാശിയേറിയ ഗ്രൂപ്പ് എച്ചിലാണ് സൗദിയുള്ളതെന്നും ഡോണിസ് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച പുലർച്ചെ സൗദി സമയം ഒരു മണിക്കാണ് മത്സരം അരങ്ങേറുക.
ലോകകപ്പ്; സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി
