മലപ്പുറം: ദീര്‍ഘകാലമായി അനിശ്ചിതത്വത്തിലായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് മൈസൂരു റെയില്‍ പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതോടെ പദ്ധതിക്ക് പുതിയ ജീവന്‍ വയ്ക്കുന്നു. വയനാട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെയും തെക്കന്‍ കേരളത്തെയും കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് നീണ്ട നാളുകള്‍ക്ക് ശേഷം ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഈ റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ് വ്യക്തമാക്കി.
നിലമ്പൂരില്‍ തുടങ്ങി കക്കാടംപൊയില്‍, തിരുവമ്പാടി, ആനക്കാംപൊയില്‍, മേപ്പാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട് വഴി നഞ്ചന്‍കോട്ടും അവിടെനിന്ന് മൈസൂരുവിലുമെത്തുന്ന 156 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ റെയില്‍ പാത. വയനാടിന് ആദ്യമായി റെയില്‍വേ സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം കൊച്ചിയില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും ഇത് വലിയ കരുത്താകും. മുന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.
മുമ്പ് ഡിഎംആര്‍സി വഴി ഇതിന്റെ പ്രാഥമിക സര്‍വേയ്ക്കും ഡിപിആര്‍ തയ്യാറാക്കാനും അനുമതി ലഭിച്ചിരുന്നെങ്കിലും സംസ്ഥാന ഫണ്ടിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയം 5.9 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശികളായ ഏജന്‍സി ടണലുകളും എലിവേറ്റഡ് സെക്ഷനുകളും ഉള്‍പ്പെടുന്ന ഇരട്ടപ്പാതയുടെ ഡിപിആര്‍ തയ്യാറാക്കി. അടുത്തിടെ ‘മെട്രോ മാന്‍’ ഇ. ശ്രീധരനും റെയില്‍വേ മന്ത്രിയെ കണ്ട് പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു.
