ഇടുക്കി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണ്ട ചികിത്സ കിട്ടാഞ്ഞതിനെത്തുടർന്ന് മരിച്ചു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46)യാണ് മരിച്ചത്. മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപമായിരുന്നു അപകടം. ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ ബന്ധുക്കൾ പറയുന്നത് ഇങ്ങനെയാണ്, തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ആൻസിയെ അന്നുതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ ആറിന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ വീട്ടിൽപ്പോയി അനങ്ങാതെ കിടക്കണമെന്ന് നിർദേശിച്ചിരുന്നു. അസ്വസ്ഥതകൾ ഉണ്ടായാൽ വീണ്ടും എത്തണമെന്നും പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ ഛർദ്ദി ഉണ്ടായതോടെ ബുധനാഴ്ച രാവിലെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ആദ്യംചെയ്ത പരിശോധനകൾ ആവർത്തിച്ചു. രണ്ടുമണിക്കൂറോളം കാഷ്വാലിറ്റിയിൽ കിടന്നു. ഇതിനിടെ ആൻസിക്ക് വേദന കൂടി. കൂടെയുള്ളവർ ബഹളം വെച്ചതിനെത്തുടർന്ന് വാർഡിലേക്ക് മാറ്റി. അവിടെ ബെഡ് ഇല്ലായിരുന്നു. ഡ്രിപ്പ് ഇടാനുള്ള സൗകര്യംപോലും ഒരുക്കാഞ്ഞതിനെത്തുടർന്ന് വീണ്ടും ബഹളമായി. തുടർന്ന് താത്കാലികസൗകര്യങ്ങൾ ചെയ്തെങ്കിലും സമയത്ത് ചികിത്സകിട്ടാത്ത സ്ഥിതിതുടർന്നു. ഡ്രിപ്പ് ഇടുന്നതിനെച്ചൊല്ലി പലതവണ തർക്കം ഉണ്ടായി.
ഇവിടെ ഒട്ടേറെപ്പേർ ചികിത്സയ്ക്ക് വരുന്നതാണെന്നും ഇത്രയുമൊക്കെ ചെയ്യാനേ സാധിക്കൂവെന്നും ചില ജീവനക്കാർ പറഞ്ഞതായി കൂടെയുണ്ടായിരുന്നവർ ആരോപിക്കുന്നു. ആൻസിയുടെ അവസ്ഥയിൽ സങ്കടം തോന്നിയ ബന്ധുക്കൾ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിക്കൊള്ളാമെന്ന് പറഞ്ഞു. എന്നാൽ എഴുതിത്തരണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. അതിൻപ്രകാരം എഴുതിവാങ്ങി വെള്ളിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. പള്ളിക്കുന്ന് കുന്നത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അലൻ, ആൽവിൻ. ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് ഫാദേഴ്സ് ഹൗസ് ഓഫ് ചപ്പാത്ത് പള്ളിയുടെ ഹെവൻവാലിയിലെ ശ്മശാനത്തിൽ. അതേസമയം, ബന്ധുക്കൾ സ്വയം ഡിസ്ചാർജ് എഴുതിവാങ്ങി കൊണ്ടുപോയതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. മതിയായ ചികിത്സ കിട്ടാത്തതുസംബന്ധിച്ച പരാതി കിട്ടിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
