ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

ഡൽ​ഹി: സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്.

ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട് ഫോണുകളിൽ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള പദ്ധതി യുഐഡിഎഐ പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിയതായി യുഐഡിഎഐ സ്ഥിരീകരിച്ചു.

ബാങ്കിംഗ്, ടെലികോം വെരിഫിക്കേഷൻ മുതൽ വിമാനത്താവള പ്രവേശനം വരെയുള്ള വിവിധ സേവനങ്ങൾക്കായി ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ 130 കോടിയിലധികം ആളുകളാണ് ഉപയോ​ഗിക്കുന്നത്. ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നിർദ്ദേശം പരിശോധിച്ച ശേഷം പദ്ധതിയുമായി നിന്ന് മുന്നോട്ട് പോകേണ്ടതില്ലെന്ന് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇലക്ട്രോണിക്സ്, സ്മാർട്ട്‌ഫോൺ വ്യവസായത്തിലുടനീളമുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.

ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്മാർട്ട്‌ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾക്കായി സർക്കാർ നടത്തുന്ന ആറാമത്തെ ശ്രമമാണിത്. എന്നാൽ കമ്പനികളിൽ‌ നിന്നുള്ള എതിർപ്പാണ് പദ്ധതി യാഥാർഥ്യമാകാതെ പോകുന്നതിനുള്ള കാരണം. ആപ്പിളും സാംസങ്ങും സുരക്ഷയെയും സുരക്ഷാ പ്രത്യാഘാതങ്ങളെയും കുറിച്ച് ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. അത്തരം നിർദേശങ്ങൾ ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *