ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI അടയ്ക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാന നിരക്ക് മാസത്തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് emirates.com ൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ഫ്ലെക്സിബിൽ പേയ്മെന്റ് ഓപ്ട് ചെയ്ത് 140 നഗരങ്ങളിലേക്ക് വരെ ടിക്കറ്റ് എടുക്കാം.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക മുഴുവൻ അടക്കാതെ പണം മൂന്ന് മുതൽ 36 മാസം വരെ തവണകളായി അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയാണ് എമിറേറ്റ്സ്. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി, എച്ച്.എസ്.ബി.സി, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, ഇൻഡസ്ഇൻഡ്, കൊട്ടക് മഹീന്ദ്ര, ആർ.ബി.എൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള പ്രമുഖ ബാങ്കുകൾ. ഏറെ നാളായി ആഗ്രഹിക്കുന്ന അവധിക്കാല യാത്രകൾ സാധ്യമാക്കാൻ ഇത് ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുമെന്ന് എമിറേറ്റ്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു
