ചെന്നൈ: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇ.ഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ. ഗിരിരാജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. താംബരം റെയിൽവേ സ്റ്റേഷനിൽ വച്ച് നൈനാരിന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് പണം പിടിച്ചത്. തിരുനെൽവേലിയിൽ സ്ഥാനാർഥി ആയിരുന്നു നൈനാർ നാഗേന്ദ്രൻ.
അതേസമയം പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകമാണ്. രാമനാഥപുരത്ത് വോട്ടർമാർക്ക് പണം നൽകുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. തെങ്കാശി ആലങ്കുളം സ്ഥാനാർഥി കെ.ആര്‍.പി പ്രഭാകരനെതിരെ ആണ് കേസെടുത്തത്. അൻപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. വോട്ടിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപ നൽകുന്നതായും ആരോപണം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജില്ലാ കളക്ടര്‍ക്ക് പരാതി നൽകി. കരൂരിൽ നിന്നുള്ളവരാണ് പണം നൽകുന്നതെന്നും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ അർജുനൻ ആരോപിച്ചു. പരസ്യ പ്രചാരണം അവസാനിച്ച ശേഷവും മണ്ഡലത്തിൽ തുടരാനായി കരൂർ സ്വദേശികളായ 18 പേരെ ബാലാജി കോയമ്പത്തൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ആണ് പണം വിതരണം ചെയ്യുന്നതെന്നാണ് പരാതി.
