തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എന്‍ ഷംസീര്‍

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ. എന്‍ ഷംസീര്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണങ്ങളായെന്നും എ.എന്‍ ഷംസീര്‍ തുറന്നടിച്ചു. ഇങ്ങനെ തോൽക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പറയുകയുണ്ടായി.

സിപിഎം സംസ്ഥാന സമിതിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ കാര്യങ്ങളാണ് ഷംസീർ പരാമർശിച്ചത്. എന്നാൽ ഇവയിൽ ഒന്നും തന്നെ എംവി ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ ഇതേവരെ പരസ്യമായി പുറത്ത് പറഞ്ഞിരുന്നില്ല. കേന്ദ്ര കമ്മിറ്റി വിലയിരുത്തലും പരസ്യമായി അംഗീകരിക്കാൻ ഗോവിന്ദനോ മറ്റു നേതാക്കളോ തയ്യാറായിരുന്നില്ല. നേരത്തെ എം.വി ജയരാജൻ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയം പിഴച്ചു എന്ന് പ്രാദേശിക മാധ്യമത്തിൽ പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയിരുന്നു.

പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് പറയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നുള്‍പ്പടെയായിരുന്നു വിമര്‍ശനം. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *