മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിസന്ധികൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും സുൽത്താൻ നിർദേശിച്ചു. അതേസമയം, സംഘർഷങ്ങൾ അവസാനിപ്പിക്കാനും പ്രാദേശിക സ്ഥിരത ഉറപ്പാക്കാനും ഒമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രശംസിച്ചു. മാത്രമല്ല, മേഖലയിലെ സുരക്ഷയ്ക്കും സമാധാനവും മുൻനിർത്തി സുൽത്താൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒമാന്റെ പങ്ക് നിർണായകമാണെന്നും രാഷ്ട്രീയ പരിഹാരങ്ങൾക്ക് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
