തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടി നടന്ന് തുടങ്ങിയെന്നും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റത്.
വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് എട്ടുവയസ്സുകാരൻ ആൽജോയെയും മൂത്ത സഹോദരൻ അനോഷിനെയും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ ശംഖുവരയന്‍ പാമ്പിന്‍റെ സാന്നിധ്യം നിരന്തരം കാണുന്നതോടെ ഡിസ്ചാര്‍ജ് വാങ്ങി മകനെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഭയമാണെന്ന് മാതാപിതാക്കളായ സില്‍ജോയും ജോണ്‍സിയും പറഞ്ഞിരുന്നു. കല്ലുകെട്ടിയ വീടിന്‍റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്‍റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം
